ജുബൈൽ- സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ നിന്ന് കാണാതായ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി.
ജുബൈലിൽ നിന്ന് 35 കിലോമീറ്റർ അകലെ അൽഫാദിലി മേഖലയിലാണ് 82 വയസ്സായ ഉമർ സിറാജുദ്ദീന്റെ മൃതദേഹം കണ്ടെത്തിയത്. അസോസിയേഷൻ ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂവാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിന്ന് വയോധികനെ കാണാതായതായി വിവരം ലഭിച്ചതെന്ന് അസോസിയേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ആദിൽ അൽ ഖഹ്താനി പറഞ്ഞു. വിവരം ലഭിച്ചയുടൻ അസോസിയേഷൻ അംഗങ്ങൾ തിരച്ചിൽ നടത്തുകയും വയോധികൻ സഞ്ചരിച്ചിരുന്ന കാർ കണ്ടെത്തുകയും ചെയ്തിരുന്നു.
തുടർന്ന് തിരച്ചിൽ സംഘം കാണാതായ വ്യക്തിക്കായി തിരച്ചിൽ ആരംഭിച്ചു. 20 മിനിറ്റ് നീണ്ട തിരച്ചിലിനൊടുവിൽ അസോസിയേഷൻ അംഗം മറായി അൽശഹ് രിയാണ് കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ആദിൽ ഖഹ്താനി പറഞ്ഞു. ജുബൈൽ പോലീസ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സൗദി റെഡ് ക്രസന്റ് അതോറിറ്റി, അസോസിയേഷൻ ഓഫ് പ്രൊഫഷണലുകൾ ഫോർ സെർച്ച് ആൻഡ് റെസ്‌ക്യൂ തുടങ്ങിയ സർക്കാർ ഏജൻസികളും തെരച്ചിൽ ദൗത്യത്തിൽ പങ്കെടുത്തിരുന്നു.