Search
Close this search box.

മഅ്‌റൂഫ സേവനം വഴി നാലു രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്‌മെന്റ് നടത്താം

musaned

ജിദ്ദ – മഅ്‌റൂഫ സേവനം പ്രയോജനപ്പെടുത്തി നാലു രാജ്യങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സാധിക്കുമെന്ന് മുസാനിദ് പ്ലാറ്റ്‌ഫോം അറിയിച്ചു. നിലവിൽ മഅ്‌റൂഫ സേവനം വഴി ശ്രീലങ്ക, ഫിലിപ്പൈൻസ്, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത്.

ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ നേടിയ ശേഷമാണ് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾക്കുള്ള മഅ്‌റൂഫ സേവനം പ്രയോജനപ്പെടുത്തേണ്ടത്. വേലക്കാരിയുടെ പേര്, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് കാലാവധി, ബന്ധപ്പെടാനുള്ള മൊബൈൽ ഫോൺ നമ്പർ എന്നിവയെല്ലാം മുൻകൂട്ടി അറിയാൻ മഅ്‌റൂഫ സേവനം തൊഴിലുടമയെ സഹായിക്കും.

ഫിലിപ്പൈൻസ്, ശ്രീലങ്ക, കെനിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തൊഴിൽ തേടുന്ന വേലക്കാരികളുടെ ബയോഡാറ്റകൾ മുൻകൂട്ടി ലഭ്യമാക്കി തങ്ങൾക്ക് ഇഷ്ടമുള്ള തൊഴിലാളികളെ തെരഞ്ഞെടുത്ത് റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ മഅ്‌റൂഫ സേവനം തൊഴിലുടമകളെ സഹായിക്കുന്നു. റിക്രൂട്ട്‌മെന്റ് നടപടികൾക്ക് കാലതാമസം നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കാണാൻ ശ്രമിച്ചാണ് നേരത്തെ മഅ്‌റൂഫ സേവനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചത്.

മുസാനിദ് പ്ലാറ്റ്‌ഫോം വഴി റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം തെരഞ്ഞെടുക്കാതെ, ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുമായി കരാർ ഒപ്പുവെച്ച ശേഷം റിക്രൂട്ട്‌മെന്റ് കരാർ ഇൻഷുറൻസ് സേവനം പ്രയോജനപ്പെടുത്താൻ കഴിയില്ലെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കി. റിക്രൂട്ട് ചെയ്ത് സൗദിയിലെത്തിച്ച വേലക്കാരിയുടെ റിക്രൂട്ട്‌മെന്റ് കരാർ ഏതു രീതിയിലാണ് ഇൻഷുർ ചെയ്യുക എന്ന് ആരാഞ്ഞ് ഉപയോക്താക്കളിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് മുസാനിദ് പ്ലാറ്റ്‌ഫോം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ റിക്രൂട്ട്‌മെന്റ് കരാറുകൾക്ക് മാത്രമാണ് ഇൻഷുറൻസ് സേവനം ലഭിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!