യാംബു: സൗദിയിൽ നാജിൽ, തറാദി എന്നീയിനങ്ങളായ മത്സ്യങ്ങളെ പിടിക്കുന്നത് നിരോധിച്ചു. ഏപ്രിൽ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് സൗദി പരിസ്ഥിതി- ജല- കൃഷി മന്ത്രാലയം ചെങ്കടലിൽ വ്യാപകമായി മത്സ്യബന്ധനത്തിന് നിരോധം ഏർപ്പെടുത്തിയത്. പ്രജനന കാലമായ ഏപ്രിൽ, മെയ് മാസങ്ങളിൽ മുട്ടയിടാൻ അവസരം നൽകുന്നതിനും ഈ മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനും അവയുടെ വ്യാപനം ലക്ഷ്യം വെച്ചുമാണ് നിരോധനമെന്ന് മക്ക മേഖലയിലെ മന്ത്രാലയ വക്താവ് അറിയിച്ചു.
പൊതുവെ വില കൂടിയ ഈ മത്സ്യങ്ങളുടെ അനിയന്ത്രിതമായ മീൻപിടിത്തം മൂലം മത്സ്യസമ്പത്തിൽ വലിയ കുറവ് വന്നിട്ടുണ്ടെന്ന കണ്ടെത്തലാണ് നിരോധനത്തിന് പ്രേരിപ്പിച്ചത്. കാർഷിക വ്യവസ്ഥയുടെ ലംഘനങ്ങൾ കർശനമായി നിരീക്ഷിക്കുമെന്നും നിരോധനം ലംഘിച്ച് മീൻ പിടിക്കുന്നത് ശിക്ഷാർഹമാണെന്നും ഫിഷറീസ് വകുപ്പ് മേധാവി എൻജി. ഇബ്രാഹിം അൽ മാലികി പറഞ്ഞു.
തീരത്തെ മത്സ്യബന്ധന തുറമുഖങ്ങളിൽ നിരോധന കാലവുമായി ബന്ധപ്പെട്ട് പോസ്റ്ററുകളും അറിയിപ്പുകളും നൽകിയിട്ടുണ്ട്. മത്സ്യബന്ധനം നടത്തുന്നവർക്കായി ബോധവത്കരണ ലഘുലേഖകളും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തിന്റെ മത്സ്യ സമ്പത്തിന്റെയും സുപ്രധാന സാമ്പത്തിക വിഭവത്തിന്റെയും സുസ്ഥിരതക്ക് വേണ്ടി നൽകുന്ന നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ പിഴയും മറ്റു ശിക്ഷാവിധികളുമുണ്ടാവുമെന്നും മന്ത്രാലയം മക്ക മേഖല ആക്ടിങ് ഡയറക്ടർ ജനറൽ എൻജി. വാലിദ് അൽ ദാഗിസ് വ്യക്തമാക്കി.