റിയാദ്: സൗദി ദേശീയ ഗെയിംസിന്റെ മൂന്നാം പതിപ്പിന് ഒക്ടോബർ 3 ന് തുടക്കമാകും. റിയാദിലാണ് സൗദി ദേശീയ ഗെയിം നടക്കുക. റിയാദിലെ ബോളിവാഡ് സിറ്റിയിൽ സൗദി ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങ് നടക്കും.
പ്രശസ്ത സൗദി ഗായകരായ അർവ അൽ മുഹദിബ്, അബ്ദുൽ വഹാബ് തുടങ്ങിയവർ നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ട് ഉദ്ഘാടന ചടങ്ങിൽ ഉണ്ടാകും. ഒക്ടോബർ 17 നാണ് സൗദി ദേശീയ ഗെയിംസ് അവസാനിക്കുന്നത്.
അതേസമയം, സൗദി ദേശീയ ഗെയിംസിന്റെ സന്ദേശം വഹിച്ചുകൊണ്ടുള്ള ദീപശിഖാ റാലി രാജ്യത്തെ 13 പ്രവിശ്യകളുടെയും സഞ്ചരിച്ച് റിയാദിൽ തിരിച്ചെത്തി. സെപ്റ്റംബർ 25നാണ് റാലി റിയാദിൽ തിരിച്ചെത്തിയത്.
2023ലെ സൗദി ദേശീയ ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ നീന്തൽ താരം സയ്യിദ് അൽ സർരാജും ട്രാക്ക് ആൻഡ് ഫീൽഡ് അത് ലറ്റ് ലുജയിൻ ഹംദാനും ചേർന്നാണ് ദീപശിഖാ റാലി നയിച്ചത്. റാലി റിയാദിൽ എത്തിയപ്പോൾ പ്രവിശ്യാ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ അബ്ദുൽ അസീസ് ദീപശിഖ ഏറ്റുവാങ്ങി.
ഒമ്പതിനായിരത്തിൽ അധികം കായിക പ്രതിഭകൾ ഇത്തവണ സൗദി ദേശീയ ഗെയിംസിൽ പങ്കെടുക്കും. 147 ക്ലബ്ബുകളെയും 25 പാരാലിംബിക് ക്ലബ്ബുകളെയും പ്രതിനിധീകരിച്ച് ആയിരിക്കും കായിക പ്രതിഭകൾ മത്സരിക്കുക.