ജിദ്ദ: സൗദിയിൽ വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്ന പുതിയ ഇൻഷുറൻസ് പരിരക്ഷ പ്രകാരം തൊഴിലാളിക്ക് ലഭിക്കുന്ന തുക നിശ്ചയിച്ചു. 17,500 റിയാലാണ് ഒരു തൊഴിലാളിയ്ക്ക് ലഭിക്കുന്നത്.
ഒരു സ്ഥാപനത്തിലെ വിദേശ തൊഴിലാളികൾക്ക് വേതനവും ആനുകൂല്യങ്ങളുമായി ആകെ ലഭിക്കാനുള്ള തുക, ഇൻഷുൻസ് പദ്ധതി കവറേജ് പ്രകാരം നിശ്ചയിച്ച നഷ്ടപരിഹാരത്തുകയുടേതിനേക്കാൾ അധികം ആകാൻ പാടില്ല. അടിസ്ഥാന വേതനം, ആനുകൂല്യങ്ങൾ എന്നിവ ഇൻഷുറൻസ് നഷ്ടപരിഹാരത്തിൽ ഉൾപ്പെടും. നഷ്ടപരിഹാരം ലഭിക്കാൻ വിദേശ തൊഴിലാളി സൗദി അറേബ്യ വിടണമെന്ന് വ്യവസ്ഥയില്ല.
മറ്റൊരു സ്ഥാപനത്തിന്റെ പേരിലേക്ക് സ്പോൺസർഷിപ്പ് മാറ്റിയാലും നഷ്ടപരിഹാരം ലഭിക്കും. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളിക്ക് ഇക്കോണമി ക്ലാസ് ടിക്കറ്റിന് ആയിരം റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. ഇതിന് ഫൈനൽ എക്സിറ്റ് വിസ പോലെ സ്വദേശത്തേക്ക് മടങ്ങാനുള്ള മുഴുവൻ നിയമാനുസൃത നടപടികളും പൂർത്തിയാക്കിയതായി സ്ഥിരീകരിക്കുന്ന രേഖകൾ തൊഴിലാളി സമർപ്പിക്കണം. പുതിയ ഇൻഷുറൻസ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക സ്ഥാപനം പ്രതിസന്ധിയിലായതിനാൽ 80 ശതമാനം വിദേശ തൊഴിലാളികളുടെ വേതനം ആറു മാസത്തേക്ക് വിതരണം ചെയ്യാൻ കഴിയാതെവന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്കാണ്.