റിയാദ്- മഹാരാഷ്ട്ര സ്വദേശി റിയാദിൽ നിര്യാതനായി. മഹാരാഷ്ട്ര താനെ ഭീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ് ഇന്ത്യൻ എംബസി വഴി നേടിയ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ഒരു ദിവസം ബാക്കിനിൽക്കെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്. നിയമ പ്രശ്നം കാരണം കമ്പനിക്ക് ജീവനക്കാരുടെ ഇഖാമ പുതുക്കാൻ സാധിച്ചിരുന്നില്ല. ഇതു കാരണം ഇദ്ദേഹത്തിന് നാട്ടിൽ പോകാനുമായില്ല.
പിന്നീട് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തതിന് ശേഷമാണ് ഇദ്ദേഹത്തിന് ഫൈനൽ എക്സിറ്റ് ലഭിച്ചത്. ബുധനാഴ്ച രാവിലെ ശാരീരികാസ്വസ്ഥതയെ തുടർന്ന് ഇദ്ദേഹത്തെ റിയാദ് അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: അബ്ദുൽ നസീർ. മാതാവ്: സൈനാബി. ഭാര്യ: റിസ് വാന. നടപടിക്രമങ്ങൾ പൂർത്തീയാക്കി മയ്യിത്ത് റിയാദിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.