ജിദ്ദ – എണ്ണ ഉൽപാദനം കുറക്കാൻ ഒപെക് പ്ലസ് ഗ്രൂപ്പ് അംഗ രാജ്യങ്ങൾ ഏകകണ്‌ഠേന ധാരണയിലെത്തി. ഇത് ആദ്യമായാണ് ഉൽപാദനം കുറയ്ക്കുന്നതെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. സമീപ കാലത്ത് ഒപെക് പ്ലസ് കൈക്കൊണ്ട നടപടികൾ എണ്ണയുടെ പക്വതയുള്ള സെൻട്രൽ ബാങ്ക് എന്ന നിലയിൽ ഞങ്ങളുടെ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്നു. എണ്ണ വിപണി സുസ്ഥിരമാക്കാനുള്ള മാർഗങ്ങൾ നമ്മുടെ പക്കലുണ്ടെന്ന് തെളിയിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നതായും രാജകുമാരൻ അറിയിച്ചു.
വിപണിയുടെ സ്ഥിരത വർധിപ്പിക്കാനും ചാഞ്ചാട്ടം തടയാനും സഹായകമാണ് ഞങ്ങളുടെ തീരുമാനം. വിപണി സ്ഥിരതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അടുത്ത വർഷത്തെ എണ്ണ വിതരണത്തെ കുറിച്ച് ഞങ്ങൾ ആശങ്കാകുലരല്ല. ഞങ്ങൾ നിശ്ചിത എണ്ണ വില ലക്ഷ്യമിടുന്നില്ല, വിപണിയിലെ ചാഞ്ചാട്ടം കുറക്കാനാണ് ഉന്നമിടുന്നത്. എണ്ണ ഉൽപാദനവുമായി ബന്ധപ്പെട്ട പ്രതിബദ്ധതകൾ റഷ്യ പാലിക്കുന്നുണ്ട്. ഒപെക് പ്ലസ് കരാർ അഭൂതപൂർവമാണ്. ഓരോ രാജ്യത്തിന്റെയും ഉൽപാദന ശേഷി പരിശോധിക്കാൻ സ്വതന്ത്ര ഏജൻസികളെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി – അമേരിക്ക ബന്ധം 80 വർഷമായി തുടരുന്നതാണ്. അമേരിക്കയുമായി കൂടുതൽ സഹകരിക്കാൻ സൗദി അറേബ്യ ആഗ്രഹിക്കുന്നു. വിദേശ മന്ത്രി ആന്റണി ബ്ലിങ്കൻ അടക്കം എല്ലാ അമേരിക്കൻ നേതാക്കളെയും പൗരന്മാരെയും സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.