റിയാദ്- സൗദിയിൽ എല്ലാത്തരം വാഹനങ്ങള്‍ക്കും സാങ്കേതിക പരിശോധനയ്ക്ക് (ഫഹസ്) ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് നിര്‍ബന്ധമാക്കിയതായി ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മോട്ടോര്‍ വെഹിക്കിള്‍ പരിശോധനാ (എംവിപിഐ) വിഭാഗം അറിയിച്ചു.
പരിശോധനയ്ക്കായി ഏതെങ്കിലും എംവിപിഐ സ്‌റ്റേഷനുകളിലേക്ക് പോകുന്നതിന് മുമ്പ് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. https://vi.vsafety.sa/ എന്ന ലിങ്കില്‍ എം.വി.പി.ഐ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം ലോഗിന്‍ ചെയ്ത് ബുക്ക് ചെയ്യാവുന്നതാണ്. വ്യക്തിഗത ഡാറ്റയും വാഹന ഡാറ്റയും നല്‍കിയാണ് ബുക്കിങ് നേടേണ്ടത്. പരിശോധനയുടെ തരം, എംവിപിഐ കേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് തുടര്‍ന്ന് ആവശ്യമായ തീയതിയും സമയവും നല്‍കി അപ്പോയിന്റ്‌മെന്റ് എളുപ്പം ബുക്ക് ചെയ്യാമെന്ന് ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ബുക്ക് ചെയ്യുമ്പോള്‍ ഒരു കോഡ് മൊബൈല്‍ ഫോണിലേക്ക് വരുന്നതാണ്, അപ്പോയിന്റ്‌മെന്റ് സ്ഥിരീകരിക്കുന്നതിനായി ഗുണഭോക്താവ് കോഡില്‍ ക്ലിക്ക് ചെയ്യണം.
മോട്ടോര്‍ വാഹനങ്ങള്‍ സുരക്ഷിതമാണെന്നും പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കനാണ് സാങ്കേതിക പരിശോധനയിലൂടെ ലക്ഷ്യമിടുന്നത്. വാഹനത്തിന്റെ ഓയില്‍ ചോര്‍ച്ച, സ്റ്റിയറിംഗ് സിസ്റ്റം, സസ്‌പെന്‍ഷന്‍ സിസ്റ്റം, ഷാസി, ബ്രേക്കുകള്‍, ലൈറ്റുകള്‍, ടയറുകള്‍, എമിഷന്‍ കണ്‍ട്രോള്‍ സിസ്റ്റം മുതലായവ പരിശോധിക്കും. എന്തെങ്കിലും തകരാറുകള്‍ കണ്ടെത്തിയാല്‍ നന്നാക്കിയ ശേഷം വീണ്ടും പരിശോധനക്ക് സമര്‍പ്പിക്കണം.