റിയാദ് – വാഹന രജിസ്ട്രേഷൻ (ഇസ്തിമാറ) പുതുക്കാൻ ഫീസ് അടക്കുകയും പിന്നീട് പുതുക്കാനുള്ള തീരുമാനം മാറ്റുകയും ചെയ്യുന്ന പക്ഷം ഫീസ് തിരികെ ലഭിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ഏതു അക്കൗണ്ടിൽ നിന്നാണോ ഫീസ് അടച്ചത് അതേ അക്കൗണ്ട് വഴി ഫീസ് തിരികെ ഈടാക്കാവുന്നതാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഒരു ഉപയോക്താവ് നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് ഓരോ വർഷത്തിനും ഓരോ കൊല്ലത്തിലെയും ഭാഗത്തിനും 100 റിയാൽ എന്ന തോതിലാണ് പിഴ ഈടാക്കുമെന്ന് ട്രാഫിക് നിയമം വ്യക്തമാക്കുന്നു. പരമാവധി 300 റിയാൽ വരെയാണ് ഡ്രൈവിംഗ് ലൈസൻസും ഇസ്തിമാറയും പുതുക്കാൻ കാലതാമസം വരുത്തുന്നതിന് പിഴയായി ഈടാക്കുക. കാലാവധി തീർന്ന് 60 ദിവസത്തിനു ശേഷമാണ് പിഴ ബാധകമാക്കുകയെന്നും ട്രാഫിക് നിയമം വ്യക്തമാക്കുന്നു.