ദമ്മാം: മുന്നറിയിപ്പില്ലാതെ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്നതും അക്കൗണ്ടുകളിൽ നിന്നും പണം പിടിച്ചെടുക്കുന്നതിനും വിലക്കേർപ്പെടുത്തി സൗദി ദേശീയ ബാങ്ക്. വ്യക്തികൾ വരുത്തിയ കുടിശ്ശിക ഈടാക്കുന്നതിനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും സൗദി ദേശീയ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. പണം ഈടാക്കുന്നതിന് കോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണമെന്നാണ് പുതിയ നിർദ്ദേശം.
രാജ്യത്തെ ബാങ്കുകൾക്കും ഫിനാൻസിംഗ് സ്ഥാപനങ്ങൾക്കുമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിരിക്കുന്നത്. സൗദിയിലെ വ്യക്തിഗത ഉപഭോക്താക്കളുടെ ബാങ്ക് സേവിങ്സുകൾക്ക് കൂടുതൽ സംരക്ഷണവും സുരക്ഷയും ലഭ്യമാക്കിയാണ് ദേശീയ ബാങ്കിന്റെ നിർദ്ദേശങ്ങൾ. ബാങ്ക് അക്കൗണ്ടുകളിലെത്തുന്ന പണം പിടിച്ചെടുക്കാൻ ഇനി മുതൽ കോടതി വിധിയോ വ്യക്തിയുടെ മുൻകൂർ അനുമതിയോ നേടിയിരിക്കണം. ഉപഭോക്താവിന്റെ അക്കൗണ്ടുകളോ ബാലൻസുകളോ താൽക്കാലികമായി പോലും പിടിച്ചെടുക്കുന്നതും മരവിപ്പിക്കുന്നതും പുതിയ നിയമം തടയുന്നു.
ബാങ്ക് ലോണുകളിൽ ഈടാക്കുന്ന തവണകൾ മാസത്തിൽ ഒന്നിൽ കൂടാതിരിക്കുക. നിശ്ചയിച്ച തിയ്യതിക്ക് മുമ്പായി പണം ഈടാക്കാതിരിക്കുക, നിശ്ചിത തീയതിക്ക് മുമ്പ് ഇൻസ്റ്റാൾമെന്റിന്റെ മൂല്യം തടഞ്ഞുവയ്ക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളും പുതിയ കരട് നിയമത്തിലുണ്ട്.