റിയാദ്: ഗാസയ്ക്കുവേണ്ടി സൗദി അറേബ്യ ആരംഭിച്ച പൊതു സംഭാവനാ കാമ്പയിനില്‍ ഇതുവരെ 628 ദശലക്ഷം റിയാല്‍ സമാഹരിച്ചു.സൗദി ഭരണാധികാരി സല്മാന് രാജാവിന്റേയും കിരിടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും നേതൃത്വത്തിലാണ് ഗാസക്കായി പൊതു സംഭാവന കാമ്പയിന് ആരംഭിച്ചത്.
കാമ്പയിന് ആരംഭിച്ചതുമുതല്‍ ആയിരങ്ങളാണ് സംഭാവനകളുമായി മുന്നോട്ടുവന്നത്. കിംഗ് സല്മാന് സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് സൂപ്പര്‍വൈസറും രാജാവിന്റെ ഉപദേശകനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്റബിയ്യയാണ് കമ്പായിനിന്റെ തുടക്കം പ്രഖ്യാപിച്ചത്. ഗാസയിലെ ഇരകള്‍ക്കായി ആരംഭിച്ച കാമ്പയിനില്‍ സല്മാന് രാജാവ് ആദ്യം 30 ദശലക്ഷം റിയാല്‍ സംഭാവന നല്കി. പിന്നീട് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് 20 ദശലക്ഷം റിയാല്‍ സംഭാവന ചെയ്തു.