ജിദ്ദ – സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രിയും ജർമ്മനിയിലെ മുൻ അംബാസഡറുമായ ഡോ. ഒസാമ ഷോബോക്ഷി (80) അന്തരിച്ചു.
വെള്ളിയാഴ്ച അസർ നമസ്കാരത്തിന് ശേഷം ജിദ്ദയിലെ ജുഫാലി മസ്ജിദിൽ അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്കാരം നടന്നു. നിരവധി ഡോക്ടർമാരും മാധ്യമ പ്രവർത്തകരും ആക്ടിവിസ്റ്റുകളും ഡോ. ഷോബോക്ഷിയെ അനുശോചനം അറിയിച്ചു.
1943-ൽ ജിദ്ദയിലാണ് ഷോബോക്ഷി ജനിച്ചത്. ജർമ്മനിയിലെ എർലാംഗൻ സർവകലാശാലയിൽ നിന്ന് ഇന്റേണൽ മെഡിസിനിൽ പിഎച്ച്ഡി നേടിയ അദ്ദേഹം ഐറിഷ് റോയൽ കോളേജ് ഓഫ് സർജൻസിൽ നിന്ന് ഓണററി ഫെലോഷിപ്പും നേടിയിട്ടുണ്ട്. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ ഫാക്കൽറ്റി ഓഫ് മെഡിസിനിൽ ലക്ചററായാണ് ഷോബോക്ഷി ജോലി ചെയ്തിരുന്നത്. ആതുരസേവനരംഗത്ത് നിരവധി നേതൃസ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി ആശുപത്രി ബോർഡുകളിൽ അംഗവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയുടെ ഡയറക്ടറുമായിരുന്നു.
ഹിജ്റ 1416 മുതൽ ഹിജ്റ 1424 വരെ ഫഹദ് രാജാവിന്റെ കാലത്ത് ഡോ. ഷോബോക്ഷി ആരോഗ്യമന്ത്രിയും തുടർന്ന് റോയൽ കോർട്ടിൽ ഉപദേശകനുമായിരുന്നു. പിന്നീട് അദ്ദേഹം ജർമ്മനിയിൽ രാജ്യത്തിന്റെ അംബാസഡറായി നിയമിതനായി.