ദമ്മാം: ആഗോള സമ്പദ് വ്യവസ്ഥകളുമായി മത്സരിക്കുന്നതിനുള്ള ഒരു സ്തംഭമായി ഗൾഫ് രാഷ്ട്രങ്ങളുടെ സഹകരണം വർത്തിക്കണമെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ്. ചൈന, ഇന്ത്യ, യൂറോപ്പ്, അമേരിക്ക തുടങ്ങിയ പ്രധാന സമ്പദ് വ്യവസ്ഥകളെ നേരിടുന്നതിന് ഗൾഫ് രാജ്യങ്ങളുമായുള്ള സംയോജനം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളെയും ഉൾപ്പെടുത്തുന്നതിനും സഹകരണം വിപുലീകരിക്കാനും സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. പ്രധാന സമ്പദ്വ്യവസ്ഥകളുമായി ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശേഷി സൗദിക്കുണ്ടെങ്കിലും മേഖലയെ ശക്തിപ്പെടുത്തി മുന്നേറുകയാണ് ലക്ഷ്യം. മേഖലയിൽ സാമ്പത്തിക വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും എണ്ണയെ ആശ്രയിക്കുന്നതിൽ നിന്ന് മാറേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.