ദമാം-സൗദി ദേശീയ ദിനം ആഘോഷിക്കുന്നതിനു നാടും നഗരവും തയ്യാറായി കഴിഞ്ഞു. തൊണ്ണൂറ്റി മൂന്നാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തുടനീളം നിരവധി ആഘോഷ പരിപാടികൾക്ക് കഴിഞ്ഞ ദിവസം തന്നെ തുടക്കമായിരുന്നു.
കിഴക്കൻ പ്രവിശ്യയിലെ പ്രധാന സ്ഥലങ്ങളിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തുകയും ഭരണാധികാരികളുടെ വർണ്ണ ചിത്ര ഫ്ളക്സുകൾ സ്ഥാപിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് ഭരണകൂടം ആസൂത്രണം ചെയ്തിരിക്കുന്നത്.
നഗരത്തിലും ഗ്രാമത്തിലും വീടുകളും കെട്ടിടങ്ങളും പച്ച നിറത്തിലുള്ള കൊടി-തോരണങ്ങളാലും വിവിധ നിറത്തിലുള്ള ബൾബുകൾ കൊണ്ടും അലങ്കരിച്ചിരിക്കുകയാണ്. സൗദി ദേശീയ ദിനം വർ്ണ്ണാഭമാക്കാൻ വ്യാപകമായ ഒരുക്കങ്ങളാണ് ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെയും കിഴക്കൻ പ്രവിശ്യയിലെ വിവിധ നഗര സഭകളും ഇതര സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ നടന്നുവരുന്നത്. ദമാം, അൽകോബാർ, ജുബൈൽ, അൽഹസ, ഖഫ്ജി എന്നിങ്ങനെ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദമാമിലെയും അൽഖോബാറിലെയും കോർണിഷുകളിൽ ശനിയാഴ്ച വൈകുന്നേരം കരിമരുന്ന് പ്രയോഗവും ലൈറ്റ് ഷോയും ഉണ്ടായിരിക്കും. കിഴക്കൻ പ്രവിശ്യ ഇതുവരെ ദർശിച്ചിട്ടില്ലാത്ത വിപുലമായ രീതിയിലുള്ള കരിമരുന്നു പ്രയോഗമാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.