സമയബന്ധിതമായ വിമാന ഷെഡ്യൂളുകളിൽ സൗദി എയർലൈൻസ് (സൗദിയ) ആഗോളതലത്തിൽ വീണ്ടും ഒന്നാമതെത്തി. സമയനിഷ്ഠയിൽ തുടർച്ചയായ രണ്ടാം തവണയാണ് സൗദി എയർലൈൻസ് ഒന്നാമതെത്തുന്നത്. വിമാന ഗതാഗതം നിരീക്ഷിക്കുന്ന വെബ്സൈറ്റായ ‘സിറിയം’ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. മേയ് മാസത്തിലും സൗദി എയർലൈൻസായിരുന്നു ഒന്നാമത്.
വിമാനങ്ങൾ പുറപ്പെടുന്ന കാര്യത്തിൽ 88.12 ശതമാനവും എത്തിച്ചേരുന്ന കാര്യത്തിൽ 88.15 ശതമാനവും സമയനിഷഠ സൗദി എയർലൈൻസ് പാലിച്ചതായി റിപ്പോർട്ട് സൂചിപ്പിച്ചു. 16,503 വിമാന സർവിസുകൾ നടത്തി നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയതായും റിപ്പോർട്ടിലുണ്ട്.
സമയനിഷ്ഠ അതിഥികളുടെ സംതൃപ്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അത് എല്ലാ ‘സൗദിയ’ ജീവനക്കാർക്കും ഒരു പ്രധാന ലക്ഷ്യമാക്കിയതായി സൗദി ഗ്രൂപ് ജനറൽ മാനേജർ ഇബ്രാഹിം ബിൻ അബ്ദുറഹ്മാൻ അൽ ഉമർ പറഞ്ഞു. വർഷം മുഴുവനുമുള്ള അതിന്റെ വിമാനങ്ങളുടെ പ്രകടനത്തിലും പീക്ക് സീസണുകളിലും ഇത് പ്രതിഫലിച്ചു.