ജിദ്ദ- വിവിധ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ സാഹചര്യത്തിൽ സൗദിയിൽ സ്കൂളുകൾക്ക് അവധി നൽകാൻ മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകളിൽ റെഗുലർ ക്ലാസുകൾക്ക് അവധി നൽകി ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റാൻ പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അധികാരമുള്ളതായി ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഗൈഡ് വ്യക്തമാക്കി.
10 മുതൽ 50 മില്ലീമീറ്റർ വരെയും അതിൽ കൂടുതലും അളവിലുള്ള ശക്തമായ മഴ, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്കുള്ള പൊടിക്കാറ്റ്, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്ക് അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ, ദൃശ്യക്ഷമത ഒരു കിലോമീറ്ററും അതിൽ കുറവും ആകുന്ന നിലക്കുള്ള കനത്ത മൂടൽമഞ്ഞ്, മണിക്കൂറിൽ 60 കിലോമീറ്ററും അതിൽ കൂടുതലും വേഗതയുള്ള ശക്തിയായ കാറ്റ്, മൂന്നു മീറ്ററിൽ കൂടുതൽ തിരമാല ഉയരൽ, ഏഴു ഡിഗ്രിയും അതിൽ കുറവും ആയി താപനില കുറയുന്ന നിലക്കുള്ള അതിശൈത്യം, 51 ഡിഗ്രിയും അതിൽ കൂടുതലുമായി ഉയരുന്ന നിലക്കുള്ള കൊടും ചൂട്, മണിക്കൂറിൽ അഞ്ചു സെന്റീമീറ്റർ ഉയരത്തിൽ മഞ്ഞുപാളി രൂപപ്പെടുന്ന നിലക്കുള്ള ശക്തമായ മഞ്ഞുകാറ്റ് എന്നീ സാഹചര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി സ്കൂളുകളിൽ റെഗുലർ ക്ലാസുകൾക്ക് അവധി നൽകി ഓൺലൈൻ രീതിയിലേക്ക് ക്ലാസുകൾ മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പ് മേധാവികൾക്ക് അധികാരമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി യൂസുഫ് അൽ ബുനയ്യാൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കി.