റിയാദ്: സൗദിയിൽ ഗതാഗത നിയമലംഘന പിഴകൾക്ക് പ്രഖ്യാപിച്ച ഇളവ് ലഭിക്കുന്നതിനുള്ള കാലയളവ് ദീർഘിപ്പിച്ചു. ആറുമാസത്തേക്ക് കൂടിയാണ് കാലയളവ് ദീർഘിപ്പിച്ചത്. 2025 ഏപ്രിൽ 18 വരെയാണ് കാലാവധി നീട്ടിയതെന്ന് അധികൃതർ വ്യക്തമാക്കി. സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ഏപ്രിൽ 18-ന് മുമ്പ് വിവിധ ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒന്നിച്ചോ ഓരോന്നായോ അടയ്ക്കാവുന്നതാണ്. അതിനെല്ലാം ഇളവ് ആനുകൂല്യം ലഭിക്കും. പൊതുസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ പിഴയിളവ് ആനുകൂല്യം പ്രാബല്യത്തിലുള്ള കാലത്ത് നടത്താൻ പാടില്ലെന്നും നിബന്ധയുണ്ട്.
രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും ഇതര ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും വിസിറ്റ് വിസയിലെത്തുന്നവർക്കും ഈ പിഴയിളവ് ആനുകൂല്യം ലഭിക്കും. വാഹനം കൊണ്ടുള്ള അഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, അമിത വേഗത തുടങ്ങിയ കുറ്റങ്ങൾ ചെയ്തവർക്ക് ഇളവ് ആനുകൂല്യം ലഭിക്കില്ല. ബാങ്കുവഴിയുള്ള ഡിജിറ്റൽ പെയ്മെന്റ് സംവിധാനമായ സദാദിലും ‘ഇഫാ’ ആപ്പിലും പിഴയിളവ് സ്വമേധയാ അപ്‌ഡേറ്റ് ചെയ്യപ്പെടും. ഇളവുകാലം പ്രയോജനപ്പെടുത്തി പിഴകൾ മുഴുവൻ അടച്ചുതീർക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.