രാജാവിനും കിരീടാവകാശിക്കും തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് ഉർദുഗാൻ

electric car gifts

തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ സൗദി സന്ദർശനത്തിനെത്തിയപ്പോൾ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും സമ്മാനമായി രണ്ട് തുർക്കി നിർമിത ഇലക്ട്രിക് കാറുകൾ നൽകി. തുർക്കിയിലെ ടഗ് കമ്പനിയുടെ പാമുക്കലെ വെളള കാറുകളാണ് സമ്മാനമായി കൊണ്ടുവന്നത്. ജിദ്ദ അൽസലാം കൊട്ടാരത്തിൽ എത്തിച്ച ശേഷം മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉർദുഗാനും കാറുകൾ പരിശോധിച്ചു. ശേഷം ഒരു ടഗ് കാറിൽ മുഹമ്മദ് ബിൻ സൽമാനും ഉർദുഗാനും അദ്ദേഹത്തിന്റെ താമസത്തിന് തയ്യാറാക്കിയ ഹോട്ടലിലേക്ക് പോയി. മുഹമ്മദ് ബിൻ ബിൻ സൽമാൻ ആയിരുന്നു കാറോടിച്ചത്.
പടിഞ്ഞാറൻ തുർക്കിയിലെ ഡെനിസ്‌ലിയിലെ വിനോദസഞ്ചാര മേഖലയായ പാമുക്കലെയിൽ പരുത്തിയോട് സാമ്യമുള്ള വെളുത്ത ചുണ്ണാമ്പുകല്ലുകളുടെ നിറമാണ് ഈ രണ്ടുകാറുകൾക്കുമുള്ളത്. അത് കൊണ്ടാണ് കാറിന്റെ വെള്ള നിറത്തിന് ‘പാമുക്കലെ’ എന്ന് പേരിട്ടിരിക്കുന്നത്. ജിദ്ദ അൽസലാം കൊട്ടാരത്തിൽ ഉർദുഗാനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വശങ്ങൾ, സംയുക്ത സഹകരണത്തിനുള്ള സാധ്യതകൾ, വിവിധ മേഖലകളിൽ വികസനത്തിനുള്ള അവസരങ്ങൾ എന്നിവ അവലോകനം ചെയ്തു. കൂടാതെ പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും ചർച്ചയായി.

നേരിട്ടുള്ള നിക്ഷേപം, പ്രതിരോധ വ്യവസായം, ഊർജം, പ്രതിരോധം, വാർത്താവിനിമയം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെക്കുന്ന ചടങ്ങിന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഉർദുഗാനും സാക്ഷ്യം വഹിച്ചു.
സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളാണ് ഉർദുഗാൻ സന്ദർശിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!