റിയാദ്: എത്യോപ്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് കരാർ റദ്ദാക്കി എന്ന പ്രചാരണത്തിലെ സത്യാവസ്ഥ വ്യക്തമാക്കി സൗദി അറേബ്യ. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു. മുസാനിദ് പ്ലാറ്റ്ഫോം മുഖേന നടത്തിയിരുന്ന റിക്രൂട്ട്മെന്റ് റദ്ദാക്കി എന്നും ഇതോടെ റിക്രൂട്ട്മെന്റ് ചെലവിൽ 30% വർദ്ധനവുണ്ടായെന്ന റിപ്പോർട്ടുകൾ മന്ത്രാലയം തള്ളി.
വിദേശത്തെ ചില തൊഴിലാളി റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രതിസന്ധികളെ തുടർന്നാണ് ഏതാനും കരാറുകൾ റദ്ദാക്കേണ്ടി വന്നതെന്ന് മന്ത്രാലയം അറിയിച്ചു. സൗദി റിക്രൂട്ട്മെന്റ് കമ്പനികളുമായുള്ള കരാർ വ്യവസ്ഥകൾ പാലിക്കാൻ ഈ ഏജൻസിക്ക് കഴിയാത്ത സാഹചര്യവും ഉണ്ടായി. തുടർന്ന് നടപടികൾ പൂർത്തിയാക്കാൻ വൈകിയ ഏതാനും കരാറുകളിലാണ് ഇടപെടൽ ഉണ്ടായത്.
മുസാനിദ് പ്ലാറ്റ്ഫോം വഴിയുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവനങ്ങൾക്ക് നിലവിലുള്ള അംഗീകൃത സേവന നിരക്ക് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും റിക്രൂട്ട്മെന്റ് സേവനങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും വേണ്ടിയാണ് കരാറുകൾ റദ്ദാക്കിയത് എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.








