ക്രൗൺ പ്രിൻസ് ഒട്ടകമേളയുടെ ആറാമത് പതിപ്പിന് ത്വാഇഫിൽ തുടക്കം. പതിവുപോലെ ത്വാഇഫിലെ ഒട്ടകയോട്ട മൈതാനത്താണ് സൗദി കാമൽ ഫെഡറേഷൻ മേള സംഘടിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 10 വരെ നീണ്ടുനിൽക്കുന്ന മേളയുടെ എല്ലാ ഒരുക്കവും സംവിധാനങ്ങളും സംഘാടകസമിതി നേരത്തേ തന്നെ പൂർത്തിയാക്കിയിരുന്നു. മഫാരിദ്, ഹഖാഖിഖ്, ലിഖായ, ജദാഅ്, തനായ, ഹീൽ, സമൂൽ എന്നീ പേരുകളിലായി മൊത്തം 610 റൗണ്ടുകളുള്ള (പ്രാഥമിക ഘട്ടത്തിൽ 360 റൺസ്, അവസാന ഘട്ടത്തിൽ 250 റൺസ്) മത്സരം 23 ദിവസം നീണ്ടുനിൽക്കും.
പ്രാദേശികവും അന്തർദേശീയവുമായ ഒട്ടക ഉടമകളുടെ ഒരു വലിയ സംഘം മത്സരത്തിനായി തങ്ങളുടെ ഒട്ടകങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇത്തവണത്തെ ഒട്ടകയോട്ട മത്സരവിജയികൾക്കുള്ള സമ്മാനമൂല്യം 5.6 കോടി റിയാൽ കവിയും. രണ്ട് കാലഘട്ടങ്ങളിലായി തുടർച്ചയായി 12 ദിവസത്തെ പ്രാഥമിക ഘട്ടങ്ങളോടെയാണ് മേള നടക്കുന്നത്. കായികമേഖലക്ക് പ്രത്യേകിച്ച് ഒട്ടക കായികമേഖലക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും കാണിക്കുന്ന വലിയ താൽപര്യത്തിനും പിന്തുണയ്ക്കും ആത്മാർഥമായ നന്ദിയും അഭിനന്ദനവും ഈ അവസരത്തിൽ അറിയിക്കുന്നുവെന്ന് കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി പറഞ്ഞു.