റിയാദ്: പ്രമേഹ ചികിത്സയും പ്രതിരോധവും മെച്ചപ്പെടുത്തുന്നതിനായി സൗദി അറേബ്യ രണ്ട് കരാറുകളിൽ ഒപ്പുവച്ചു.
ഈ ആഴ്ച ആദ്യം നടന്ന റിയാദ് ഗ്ലോബൽ മെഡിക്കൽ ബയോടെക്നോളജി ഉച്ചകോടിയിൽ ജർമ്മൻ ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ ബോഹ്റിംഗർ ഇംഗൽഹൈമും ഡാനിഷ് ഹെൽത്ത് കെയർ കമ്പനിയായ നോവോ നോർഡിസ്കുമായാണ് ധാരണാപത്രങ്ങൾ ഒപ്പ് വച്ചത്.
ബയോടെക്, ഫാർമസ്യൂട്ടിക്കൽ മേഖലകളുമായുള്ള സഹകരണം വർധിപ്പിക്കുക, ഉൽപ്പാദനം പ്രാദേശികവൽക്കരിക്കുക, അവബോധം വളർത്തുക, രാജ്യത്ത് ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുക എന്നിവയാണ് കരാറുകൾ ലക്ഷ്യമിടുന്നത്.
ബോഹ്റിംഗർ ഇംഗൽഹൈം, ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കുന്നതിനും രാജ്യത്ത് അപൂർവ രോഗങ്ങൾ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്ന മരുന്നിന്റെ നിർമ്മാണം വർദ്ധിപ്പിക്കുമെന്ന് കരാറുകൾ വ്യക്തമാക്കുന്നു.
നോവോ നോർഡിസ്ക് സൗദി അറേബ്യയുടെ കിംഗ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയുമായുള്ള കരാർ ഉപാപചയ വൈകല്യങ്ങൾ, പൊണ്ണത്തടി, പ്രമേഹം എന്നിവയെക്കുറിച്ച് അവബോധം വളർത്താൻ സഹായിക്കും.
നിക്ഷേപ മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ ഫാലിഹിന്റെ സാന്നിധ്യത്തിൽ നിക്ഷേപ മന്ത്രാലയമാണ് കരാറുകളിൽ ഒപ്പുവെച്ചത്. നാഷണൽ ഗാർഡ് ഹെൽത്ത് അഫയേഴ്സ് മന്ത്രാലയമാണ് ആരോഗ്യ ഉച്ചകോടി സംഘടിപ്പിച്ചത്.