ജിദ്ദ – അഞ്ചു സൗദി നഗരങ്ങളിലേക്ക് ഈ വർഷം പുതുതായി സർവീസുകൾ ആരംഭിച്ചതായി യു.എ.ഇ ബജറ്റ് വിമാന കമ്പനിയായ ഫ്ളൈ ദുബായ് അറിയിച്ചു. അൽഖൈസൂമ, അൽഉല, ജിസാൻ, നജ്റാൻ, നിയോം എന്നിവിടങ്ങളിലേക്കാണ് ഈ വർഷം സർവീസുകൾ ആരംഭിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ അസാധാരണ വളർച്ച കൈവരിക്കാൻ കമ്പനിക്ക് സാധിച്ചതായും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
ജനുവരി ഒന്നു മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ 33.7 ലക്ഷത്തിലേറെ പേർ ഫ്ളൈ ദുബായ് സർവീസുകളിൽ യാത്ര ചെയ്തു. കഴിഞ്ഞ വർഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ ഫ്ളൈ ദുബായ് യാത്രക്കാരുടെ എണ്ണം 50 ശതമാനം വർധനവാണ് ഉണ്ടായത്. അടുത്ത വേനലിൽ യാത്രക്കാരുടെ കൂടുതൽ കടുത്ത തിരക്ക് പ്രതീക്ഷിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത വേനലിൽ ഫ്ളൈ ദുബായ് വിമാന സർവീസുകളിൽ സീറ്റ് ശേഷി 20 ശതമാനം തോതിൽ വർധിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു.