റിയാദ് : സൗദിയിൽ ദീർഘദൂര റൂട്ടുകളിൽ പുതിയ പള്ളികൾ സ്ഥാപിക്കുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം മദീനയിൽ പൂർത്തിയാക്കി. മദീനയിൽ നിന്ന് യാമ്പുവിലേക്കുള്ള റൂട്ടിലാണ് ആദ്യ പള്ളി സ്ഥാപിച്ചത്.
സൗദിയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ നിലവിൽ വൻവർധനവാണുള്ളത്. എന്നാൽ തീർത്ഥാടകർക്കായി ദീർഘദൂര പാതകളിൽ മിക്ക ഇടങ്ങളിലും പള്ളികൾ കുറവാണ്.നിലവിൽ രാജ്യത്തെ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ചുള്ള പള്ളികളാണ് തീർത്ഥാടകർ ഉപയോഗിക്കാറുള്ളത്.
പുതിയ പള്ളികൾ സ്ഥാപിക്കുന്നതിലൂടെ തീർത്ഥാടകർക്കായുള്ള പ്രാർത്ഥനാ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ കഴിയും. പള്ളികൾക്ക് സമീപം ഇവർക്കായി അടിസ്ഥാന സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. മദീനയിൽ നിന്ന് യാമ്പുവിലേക്കുള്ള പാതയിൽ ഇത്തരത്തിൽ സ്ഥാപിച്ച ആദ്യ പള്ളിയുടെ ദൃശ്യങ്ങൾ മദീന മേയർ കഴിഞ്ഞ ദിവസം പുറത്തു വിട്ടു.
ഉംറ തീർത്ഥാടനത്തിനായി മാത്രം കഴിഞ്ഞ വർഷം 1.3 കോടി വിശ്യാസികളാണ് രാജ്യത്തെത്തിയത്. നിലവിലെ സീസണിൽ 1 കോടിയോളം തീർത്ഥാടകരെ രാജ്യം പ്രതീക്ഷിക്കുന്നുമുണ്ട്. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പുതിയ പള്ളികൾ സ്ഥാപിക്കുന്നത്.