ജിദ്ദ: സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി തന്റെ സൗദി സന്ദർശനം വെട്ടിച്ചുരുക്കിയത്. ദ്വിദിന സന്ദർശനത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ജിദ്ദയിലെത്തിയത്. ഇതിനിടെയാണ് ജമ്മു കശ്മീരിൽ ഭീകരാക്രമണം ഉണ്ടായത്. തുടർന്ന് അദ്ദേഹം സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.
ജിദ്ദയിലെ കൊട്ടാരത്തിൽ ഒരുക്കിയ അത്താഴ വിരുന്നിലും മോദി പങ്കെടുത്തില്ല. തീരുമാനിച്ചിരുന്ന മുഴുവൻ പരിപാടികളും റദ്ദാക്കിയാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. രാത്രി പതിനൊന്നുമണിയോടെയാണ് അദ്ദേഹം ജിദ്ദയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്.
ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് സൗദിയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്. റോയൽ എയർഫോഴ്‌സിന്റെ അകമ്പടിയിലാണ് അദ്ദേഹം ജിദ്ദയിലെത്തിയത്. സൗദി അതിർത്തി മുതൽ മോദിയ്ക്ക് റോയൽ എയർഫോഴ്‌സിന്റെ അകമ്പടിയുണ്ടായിരുന്നു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി മോദി ചർച്ച നടത്തിയിരുന്നു. നിരവധി കരാറുകളിലും അദ്ദേഹം ഒപ്പുവെച്ചു.
അതേസമയം, ഭീകരവാദത്തിന് എതിരായ പോരാട്ടം ഒന്നിച്ചു നയിക്കാമെന്നും ഇന്ത്യയുടെ സങ്കടത്തിൽ പങ്കു ചേരുന്നുവെന്നും സൗദി കിരീടാവകാശി മോദിയോട് പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ഓടെയാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. 27 വിനോദസഞ്ചാരികളെയാണ് ഭീകരർ വെടിവച്ച് വീഴ്ത്തിയത്.