റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ശ്രദ്ധേയമായി ഖത്തരി പൈതൃകം വിളിച്ചോതുന്ന പുസ്തകങ്ങൾ. ഖത്തർ സാംസ്‌കാരിക മന്ത്രാലയമാണ് ഖത്തറി പൈതൃകം വിളംബരം ചെയ്യുന്ന പുസ്തകങ്ങളും വിശദാംശങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നത്. സമൂഹത്തിൽ വായന പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ആരംഭിച്ച വിവിധ സംരംഭങ്ങളെയാണ് ‘ഖത്തർ വായിക്കുന്നു’ എന്ന ശീർഷകത്തിന് കീഴിൽ ഒരുക്കിയിരിക്കുന്ന പവലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
പുസ്തക ശേഖരത്തിൽ ചിലതിന് വർഷങ്ങളോളം പഴക്കമുണ്ട്. ഖത്തരി പൈതൃകത്തിന്റെ സാംസ്‌കാരിക ഘടകങ്ങളെ അനുകരിക്കുന്ന ശില്പങ്ങളും കലാരൂപങ്ങളും മേളയിൽ കാണാം. പവലിയൻ സന്ദർശിക്കാൻ എത്തുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
പവലിയനിൽ കരകൗശല വസ്തുക്കൾ അണിനിരത്തിയ ഒരു കോർണറും കാണാം. ഖത്തറിലെ പ്രശസ്തമായ നിരവധി പരമ്പരാഗത കരകൗശല വസ്തുക്കളെക്കുറിച്ച് അറിയാൻ ഈ കോർണർ സഹായിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് റിയാദ് അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം കുറിച്ചത്. 30 അധികം രാജ്യങ്ങളിൽ നിന്നുള്ള 800 ഓളം പവലിയനുകൾ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ ഉണ്ട്.