ജിദ്ദ: സൗദി പങ്കാളിത്തത്തിൽ ഇന്ത്യയിൽ രണ്ട് ഓയിൽ റിഫൈനറികൾ സ്ഥാപിക്കും. ഇരു രാജ്യങ്ങളുടെയും തുല്യ പങ്കാളിത്തത്തോടെയായിരിക്കും ഓയിൽ റിഫൈനറികൾ സ്ഥാപിക്കുക. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള സ്ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന് കീഴിൽ പ്രതിരോധ സഹകരണം, വിനോദസഞ്ചാരം, സാംസ്‌കാരിക സഹകരണം തുടങ്ങിയവയ്ക്കായി രണ്ട് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
എസ്പിസിയുടെ ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുന്ന കമ്മിറ്റികളുടെ എണ്ണം നാലായി മാറിയിട്ടുണ്ട്. പൊളിറ്റിക്കൽ, കോൺസുലർ, സെക്യൂരിറ്റി കോഓപറേഷൻ കമ്മിറ്റി, ഇകണോമി, എനർജി, ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ടെക്‌നോളജി കമ്മിറ്റി തുടങ്ങിയവയാണ് എസ്പിസിയ്ക്ക് കീഴിലെ മറ്റ് കമ്മിറ്റികൾ. സമാധാന ലക്ഷ്യത്തോടെയുള്ള ബഹിരാകാശ പ്രവർത്തനങ്ങൾ, ആരോഗ്യ ശുശ്രൂഷ, തപാൽ പാർസൽ സർവ്വീസ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ, തുടങ്ങിയ മേഖലകളിൽ യോജിച്ച് പ്രവർത്തിക്കാനുള്ള നാലു കരാറുകളിലും ഒപ്പുവെച്ചിരുന്നു.